2016, ജനുവരി 19, ചൊവ്വാഴ്ച

നഷ്ടം

സുഹൃത്തേ ക്ഷമിയ്‌ക്കൂ മനപ്പൂര്‍വ്വമല്ല
കണ്ടിട്ടും കാണാതെ പോയതല്ല
മന്ദഹസിയ്‌ക്കാന്‍ മറന്നതല്ല
പരിഹാസഭാവം നടിച്ചതല്ല
കെട്ടകാലത്തിങ്കല്‍ നഷ്‌ടമായ്‌ സ്‌നേഹിതാ
ഇഷ്‌ടങ്ങളൊക്കെയും കെട്ടു പോയി
ആര്‍ത്തി മൂത്തമ്മതന്‍ മാറു വിറ്റു
നീരുറവ വിങ്ങും മല തുരന്നു
പുഴനീര്‌ കുപ്പിയിലാക്കി വിറ്റു
നെഞ്ചം തുരന്ന്‌ കുഴിച്ചു മൂടി

കാലിത്തൊഴുത്തില്‍ പിറന്ന ദേവന്‍
നാണിച്ചു നില്‍ക്കുന്നു മണിമേടയില്‍
സ്വര്‍ണ്ണക്കൊടിമരം രമ്യഹര്‍മ്മ്യം
വയ്യിനി വീണ്ടും കുരിശ്ശിലേറാന്‍
ഒരു ജാതി ഒരു മതം മന്ത്രിച്ച ഗുരുവിനെ
ഒരു ജാതിയാക്കി കുരിശ്ശിലേറ്റി
ഹിന്ദുവും ക്രിസ്‌ത്യനും ഇസ്ലാമുമായി നാം
തമ്മില്‍ പിരിയുമ്പോള്‍ ദൈവം ചിരിയ്‌ക്കുമോ
വെട്ടുവാന്‍ കൊല്ലുവാന്‍ ചോര രുചിയ്‌ക്കുവാന്‍
ദാഹിച്ചു പായുമ്പോള്‍ ദൈവം ചിരിയ്‌ക്കുമോ
സ്വര്‍ണ്ണം പൊതിഞ്ഞ ഗൃഹത്തിനുള്ളില്‍
സ്വസ്ഥനായീശ്വരന്‍ നില്‌ക്കുമെന്നോ
കാണിയ്‌ക്ക വഞ്ചി നിറയുന്ന നേരത്ത്‌
ഈശ്വരന്‍ മന്ദഹസിയ്‌ക്കുമെന്നോ
പാപങ്ങളൊക്കെയും ഏറ്റെടുത്തീശ്വരന്‍
പാപിയായ്‌ മാറി ചിരിയ്‌ക്കുമെന്നോ
ആര്‍ത്തിമൂത്തോടിയ നേരത്തറിഞ്ഞില്ല
പിന്നിലേയ്‌ക്കായിരുന്നിത്രനാളെന്‍ യാത്ര
പേടിയാണെന്‍മകള്‍ക്കെന്നെയും സ്‌നേഹിതാ
തേങ്ങിക്കരയാതിരിയ്‌ക്കുന്നതെങ്ങനെ
കെട്ടകാലത്തിങ്കല്‍ നഷ്‌ടമായ്‌ സ്‌നേഹിതാ
മൂല്യങ്ങളൊക്കെയും കെട്ടു പോയി
നില്‌ക്കു നീ സ്‌നേഹിതാ അല്‌പമിരിയ്‌ക്കുക
അരികത്തു തന്നെ നീ ചേര്‍ന്നിരുന്നീടുക
മന്ദഹസിയ്‌ക്കാന്‍ മറന്നൊരെന്‍ ചുണ്ടിണ
ചെറ്റു വിടരുവാന്‍ കാത്തിരുന്നീടുക
ക്ഷമിയ്‌ക്കൂ സുഹൃത്തേ മനപ്പൂര്‍വ്വമല്ല
മന്ദഹസിയ്‌ക്കാന്‍ മറന്നതല്ല
കെട്ടകാലത്തിങ്കല്‍ നഷ്‌ടമായ്‌ സ്‌നേഹിതാ
ഇഷ്‌ടങ്ങളൊക്കെയും കെട്ടു പോയി.